മൂവാറ്റുപുഴ: പൈനാപ്പിളിന്റെ നഗരമായ വാഴക്കുളത്തെ ആവേശക്കടലാക്കി മൂവാറ്റുപുഴ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എൻ അരുണിന്റെ റോഡ് ഷോ. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമാനതകളില്ലാത്ത കർഷക ക്ഷേമ പദ്ധതികളും കാർഷിക മേഖലയിലെ സജീവമായ ഇടപെടലുകളും അരുണിന്റെ വിജയസാധ്യതകൾക്ക് കരുത്തേകുന്നു. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചത് ഉൾപ്പെടെയുള്ള വികസന നേട്ടങ്ങൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
വാഴക്കുളം കാനറ ബാങ്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കല്ലൂർക്കാട് ജംഗ്ഷനിൽ സമാപിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്നു. മുൻ എം എൽ എമാരായ ബാബു പോൾ, എൽദോ എബ്രഹാം എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. എൽ ഡി എഫ് നേതാക്കളായ എം ആർ പ്രഭാകരൻ, ഇ കെ സുരേഷ്, എം കെ മധു, ചാക്കോച്ചൻ മുണ്ടയ്ക്കൽ, തോമസ് വർഗീസ് താണിക്കൽ, ശെൽവരാജ് ശ്രീധരൻ, നിർമ്മല അനിൽ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. കർഷക മേഖലയിൽ നിന്നുള്ള ഉറച്ച പിന്തുണ എൻ അരുണിന്റെ മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി പ്രവർത്തകർ.

