മൂവാറ്റുപുഴ: അങ്കണവാടി ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വാഴപ്പിള്ളി പുളിഞ്ചുവട് ഭാഗത്ത് തോട്ടത്തിൽ മത്തായി ബൈജു (51)വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കീഴിൽ പുളിഞ്ചുവട് ഹോനായി നഗർ ഭാഗത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് കരിങ്കൽ കഷണങ്ങൾ എറിഞ്ഞ് കെട്ടിടത്തിന്റെറെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും അങ്കണവാടി ജീവനക്കാരെ അസഭ്യം പറയുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി.ബി. ഷാഹുൽ ഹമീദ്, ജയകുമാർ , സീനിയർ സിപിഒ മാരായ കെ.ടി. നിജാസ്, ബിനിൽ എൽദോസ്, സിജോ തങ്കപ്പൻ, കെ.കെ. അനിമോൾ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

