മഞ്ഞള്ളൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴും മുന്നണിയിൽ ഇനിയും തർക്കങ്ങൾ നിലനിൽക്കുകയാണ്. അഞ്ചു വർഷങ്ങളിലായി പഞ്ചായത്തിൽ വികസനങ്ങൾക്കുപകരം നടന്നത് തമ്മിലടിയും കുതികാൽവെട്ടും അധികാര വടംവലിയും ആണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, അതിനെതിരെ ശക്തമായ തിരിച്ചുവരവ് ഭരണസമിതി നടത്തേണ്ടതായുണ്ട്. മികച്ച സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നതിനു പുറമെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതും ഭരണസമിതിയുടെ ആവശ്യമാണ്. വാഗ്വാദങ്ങളും വെല്ലുവിളികളും മുന്നണികൾക്കുള്ളിൽ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് മുന്നിൽ മുഖച്ഛായ കാത്തുസൂക്ഷിക്കേണ്ടതും മുന്നണികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.
അടുത്ത മാസം അഞ്ചാം തീയതിയോടെ സ്ഥാനാർത്ഥി പ്രഖാപനം ഉണ്ടാകുന്നതിനാൽ പാർട്ടികളുടെ സ്ഥാനാർത്ഥി വിവരങ്ങളും മറ്റും അതിന് മുമ്പ് തീർക്കാനാവാൻ കഴിയാതെ കുഴങ്ങുകയാണ് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. കൂടാതെ പാർട്ടിയിലെ അഭിപ്രായ ഭിന്നതയും മുന്നണികൾ തമ്മിലുള്ള വാഗ്വാദങ്ങളും നേതാക്കൾക്ക് മറ്റൊരു തലവേദനയാണ്.

