മൂവാറ്റുപുഴ: ഗർഭിണിയായ ഭാര്യയെ ബസിൽവെച്ച് തുറിച്ചുനോക്കിയും അസഭ്യം പറഞ്ഞും അപമാനിക്കാൻ ശ്രമിച്ചത് ചോദ്യംചെയ്ത ഭർത്താവിനെ മർദിച്ച കേസിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നെറ്റിക്ക് മുറിവേറ്റ് മൂവാറ്റുപുഴ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ച മംഗലത്ത് നട പുന്നത്തട്ടേൽ സനു ജനാർദനന്റെ (32) മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഓഫീസർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ സനുവിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി.
ബസിൽനിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. യാത്രക്കാരുടെ സാക്ഷിമൊഴികളും എടുത്തിട്ടുണ്ട്. ബസ് ജീവനക്കാരെ ചോദ്യം ചെയ്തു. എറണാകുളം-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സെയ്ന്റ് തോമസ് ബസ് ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ മൂവാറ്റുപുഴ കച്ചേരിത്താഴത്തെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശ്രമം ബസ്‍ സ്റ്റാൻഡിൽനിന്ന് മംഗലത്ത് നടയ്ക്കുപോകാൻ കയറിയതായിരുന്നു സനുവും കുഞ്ഞും ഗർഭിണിയായ ഭാര്യയും. അക്രമത്തിനുശേഷം പ്രതി ബസിൽനിന്നിറങ്ങി ഓടുകയായിരുന്നു. ബസ് അടുത്ത സ്റ്റോപ്പിലെത്തിയപ്പോഴാണ് സനുവും കുടുംബവും പുറത്തിറങ്ങുന്നതും പോലീസിനെ വിവരം അറിയിക്കുന്നതും.

