മൂവാറ്റുപുഴ; ശക്തമായ മഴയിൽ കല്ലൂർക്കാട് പഞ്ചായത്തിലെ മണിയന്ത്രം ചാറ്റുപാറ ഭാഗത്ത് വീടുകളുടെ മുറ്റത്തേക്ക് മണ്ണിടിഞ്ഞു. വീടുകളിൽ വെള്ളം കയറി കുത്തിയൊഴുകി. പത്താംവാർഡിലെ മണിയന്ത്രം വാത്യാപ്പിള്ളി രഞ്ജിത്തിന്റെയും പൂക്കളത്ത് രാഘവന്റെയും വീട്ടിലേക്കാണ് മണ്ണിടിഞ്ഞത്. ഇളശേരിക്കുന്നേൽ സതി അയ്യപ്പൻ, കുഞ്ഞ് ചെമ്പനാത്തണ്ടേൽ, രാജു തൈക്കണ്ടത്തിൽ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കുത്തിയൊഴുകി എത്തിയത്. മണിയന്ത്രം മലയിലെ പാറമടയിൽനിന്നടക്കം വെള്ളം ശക്തിയായി ഒഴുകിയെത്തി വീടുകളിലേക്ക് കയറി. വീട്ടുപകരണങ്ങൾക്ക് നാശമുണ്ടായി. കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ട്. രണ്ടുദിവസമായി ശക്തമായി മഴ പെയ്യുന്നതിനാൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഇനിയും ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ് മണിയന്ത്രം.

