മൂവാറ്റുപുഴ∙ ഉഗ്ര സ്ഫോടന ശേഷിയുള്ള ജലറ്റിൻ സ്റ്റിക്കുകൾ വീട്ടിൽ സൂക്ഷിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. പെരുമ്പാവൂർ പൂപ്പാനി മംഗലശ്ശേരി വീട്ടിൽ മാഹിൻ ഷായെ(50) ആണ് ജഡ്ജി കെ.എൻ. ഹരികുമാർ അഞ്ച് വർഷംകഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. അനധികൃതമായി 6400 ജലറ്റിൻ സ്റ്റിക്കുകൾ ആണു മാഹിൻ ഷാ വീട്ടിൽ സൂക്ഷിച്ചിരുന്നത്.
2016 ൽ ആണ് സംഭവം. പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം മാഹിൻ ഷായുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 180 ഗ്രാം ഉണക്ക കഞ്ചാവും കഞ്ചാവ് നിറച്ച 87 സിഗരറ്റുമടക്കം കണ്ടെടുത്തിരുന്നു. എക്സൈസ് സംഘം വീടിന്റെ ഗോവണിയോടു ചേർന്ന മുറി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയായ മുണ്ടേത്ത് ജബ്ബാറിനെ കോടതി വിട്ടയച്ചു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി.എ. ഫൈസൽ ആണ് അന്വേഷണം നടത്തി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.

