മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ മീഡിയന് നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് ആക്ഷേപം. കച്ചേരിത്താഴത്ത് റോഡ് അടച്ച് മീഡിയന് സ്ഥാപിച്ചതോടെ കാവുംപടി വഴിയില്‍നിന്നും എറണാകുളം, പെരുമ്പാവൂര്‍, കോതമംഗലം ഭാഗത്തേക്ക് പോകേണ്ടവര്‍ ദുരിതത്തിലായിരിക്കുകയാണ്. റോഡ് അടച്ച് മീഡിയന് സ്ഥാപിച്ചത് അശാസ്ത്രീയവും കൂടുതല്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നതുമാണെന്ന് മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
നാളുകളായി കാവുംപടി റോഡുവഴി വരുന്ന വാഹനങ്ങള്‍ കച്ചേരിത്താഴത്ത് തിരിഞ്ഞായിരുന്നു പോയിക്കൊണ്ടിരുന്നത്. എന്നാല്‍ നഗര വികസനവുമായി ബന്ധപ്പെട്ടു റോഡ് അടച്ച് മീഡിയന് സ്ഥാപിച്ചതോടെ അമ്പത് മീറ്ററോളം മൂന്നോട്ട് നീങ്ങി റോഡ് കുറുകെ കടക്കണമെന്ന നിലയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. ഇതാണ് ഗതാഗത കുരുക്കിന് കാരണമായിരിക്കുന്നത്.
കോട്ടയം, തൊടുപുഴ, പിറവം ഭാഗങ്ങളില്‍ നിന്നും എംസി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാവുംപടി റോഡിലേക്ക് തിരിഞ്ഞ് കയറുന്നതിനും ബുദ്ധിമുട്ടായിരിക്കുകയാണ്. നെഹ്റു പാര്‍ക്ക് ജംഗ്ഷനില്‍ തിരിഞ്ഞ് വീണ്ടും കച്ചേരിത്താഴത്തെത്തി വേണം കാവുംപടി റോഡിലേക്ക് കയറാൻ. ടൗണിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് ടൗണ്‍ വികസനം നടത്തിയതെങ്കിലും അശാസ്ത്രീയ മീഡിയന് നിര്‍മാണം മൂലം വിപരീതഫലമാണ് ഉണ്ടാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
അശാസ്ത്രീയ നിര്‍മാണം മൂലം കോടതികളിലേയ്ക്കടക്കം വരുന്നവരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും മറ്റും പരാതി നല്കാന് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ശ്രീകാന്ത്, ടി.എച്ച്. ബബിത, സാംസന് സതീശന്, അജ്സല്‍ മീരാസ്, ഇന്ദു, ബിബിന്‍ എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.

