മാറാടി: കഴിഞ്ഞ അഞ്ചുവർഷങ്ങൾ കൊണ്ട് വലിയ വികസന നേട്ടങ്ങൾ കൈവരിക്കാൻ ഭരണസമിതിക്കായി. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ച ഏകദേശം 95% ആളുകൾക്ക് വീട് നൽകാൻ സാധിച്ചു. ഈ അഞ്ചു വർഷം കൊണ്ട് 200 നടുത്ത് വീടുകളാണ് മാറാടി പഞ്ചായത്തിൽ മാത്രം നൽകിയത്. 160 ഓളം ആളുകൾക്ക് വീടിന് മെയിന്റനൻസ് നൽകാൻ കഴിഞ്ഞു.
കയനാട് ഒന്നാം വാർഡിൽ നാലര കോടി രൂപയുടെ ഓഡിറ്റോറിയം പണി പാതിവഴിയിൽ നിന്നത് ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. കൂടാതെ, കെ. കരുണാകരൻ ഓഡിറ്റോറിയം നവീകരിച്ചു നൽകി. മാറാടി പഞ്ചായത്തിലെ 13 അംഗൻവാടികളും രണ്ട് നഴ്സറികളും എ.സി. സൗകര്യങ്ങളോടെ ആധുനിക രീതിയിൽ നവീകരിച്ചു.
നാലാം മൈൽ പാലത്തട്ട റോഡിൻ്റെ നിർമ്മാണത്തിന് ഒഴികെ, ബാക്കി എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചു. 21 ഓളം ഹൈമാക്സ്, മിനിമാക്സ് ലൈറ്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടതിൽ 9 എണ്ണം സ്ഥാപിക്കുകയും 11 എണ്ണം ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മാലിന്യമുക്ത മാറാടി ലക്ഷ്യം കൈവരിക്കുന്നതിനായി, മാലിന്യം വലിച്ചെറിയുന്ന ആളുകളെ കണ്ടെത്താൻ 10 ലക്ഷം രൂപയുടെ ക്യാമറ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി സ്ഥാപിച്ചു. പാലിറ്റീവ് പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നുണ്ട്. പുതിയ മൂന്ന് കുടിവെള്ള പദ്ധതികൾ ആരംഭിക്കാനും നാല് പ്രാദേശിക കുടിവെള്ള പദ്ധതികളുടെ നവീകരണം നടത്താനും സാധിച്ചു. ഓപ്പൺ ജിം തുടങ്ങാൻ കഴിഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ പെടുത്തി 60 ലക്ഷം രൂപ മുടക്കി പുതിയ കൃഷി ഭവൻ നിർമ്മിച്ചു.
അപൂർവ്വ നേട്ടങ്ങൾ:
- ഇന്ത്യയിൽ തന്നെ ആദ്യമായി 100% കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്.
- അഞ്ചു വർഷവും 100% പദ്ധതി നിർവഹണം നടത്തിയ പഞ്ചായത്ത്.
- 100% നികുതി പിരിവ് നടത്താൻ സാധിച്ചു.
- ഹരിത കർമ്മ സേനയുടെ യൂസർ ഫീ പിരിവിൽ ജില്ലയിൽ ഒന്നാമത്.
- 2023-24 ലെ സ്വരാജ് ട്രോഫിയിൽ ജില്ലയിൽ രണ്ടാം സ്ഥാനം.

