ആരക്കുഴ: കഴിഞ്ഞ അഞ്ച് വർഷക്കാലം സാമ്പത്തികമായി വലിയ പ്രതിസന്ധികൾ നേരിട്ടപ്പോഴും മികച്ചൊരു പ്രവർത്തനം കാഴ്ചവയ്ക്കാൻ പഞ്ചായത്തിനായി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലഘട്ടം പദ്ധതി നടത്തിപ്പിന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എങ്കിലും, പ്രതിബന്ധങ്ങൾ മറികടന്ന് അടിസ്ഥാന സൗകര്യ വികസനത്തിലും, കോവിഡ് പ്രതിരോധത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു എന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി.
പന്തപ്പിള്ളി സർക്കാർ സ്കൂളിൽ എഫ് എൽ ടി സി സ്ഥാപിച്ചതും, ഓൺലൈൻ ക്ലാസുകൾക്കായി 187 വിദ്യാർത്ഥികൾക്ക് സ്പോൺസറിംഗിലൂടെ മൊബൈൽ ഫോണുകൾ വിതരണം ചെയ്തതും കോവിഡ് കാലഘട്ടത്തിൽ സഹായമായിമാറി. കോൺഗ്രസ് പ്രവർത്തകർ ‘സ്നേഹസ്പർശം’ എന്ന പേരിൽ രണ്ട് വാഹനങ്ങൾ പൂർണ്ണ സമയവും ഓടിച്ച് സൗജന്യ സേവനവും നൽകിയിരുന്നു.
നിലവിലെ പരിമിതമായ സാഹചര്യങ്ങൾക്കിടയിലും പഞ്ചായത്തിൽ സുപ്രധാന പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് പുതിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി(എം. സി. എഫ്) നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. പണി പൂർത്തിയായാൽ ഇത് സംസ്ഥാനത്തെ ഏറ്റവും മികച്ചതും ഓട്ടോമേറ്റഡ് സംവിധാനമുള്ളതുമായ എം. സി. എഫ് ആയിരിക്കും. വളരെ മോശമായി കിടന്ന റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളുടെയും പണി പൂർത്തിയാക്കി. കർഷകർക്കായി പുതിയ ഓപ്പൺ മാർക്കറ്റിന്റെ നിർമ്മാണം മികച്ച രീതിയിൽ പുരോഗമിക്കുന്നു.
പഞ്ചായത്തിലെ സി. എച്ച്. സി (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സി. എച്ച്. സി എന്ന അംഗീകാരം നേടിയിരുന്നു.
പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ പഞ്ചായത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ വരുന്ന തിരഞ്ഞെടുപ്പിൽ മികച്ചൊരു നേട്ടം കൈവരിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് ഭരണസമിതി.

