5 C
New York
Saturday, March 7, 2026

Buy now

spot_img

പായിപ്ര പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ പൂർണപരാചയം: പ്രതിപക്ഷം

പായിപ്ര: ഗ്രാമപഞ്ചായത്ത് ഭരണസമിതി പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു എന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സംസ്ഥാന ഗവൺമെന്റ് ലൈഫ് പദ്ധതിക്ക് അനുവദിച്ചുതന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാത്തതുമൂലം ഏകദേശം ആയിരത്തിനു മുകളിലുള്ള ലൈഫ് ഉപഭോക്താക്കൾക്ക് ഇന്നും അടച്ചുറപ്പില്ലാത്ത വീടുകളായി കഴിയേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പായിപ്ര കവലയിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്തിക്കാൻ ഇനിയും പഞ്ചായത്ത് ഭരണസമിതിക്കായിട്ടില്ല.

സംസ്ഥാന ഗവൺമെന്റിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഫലപ്രദമായ രീതിയിൽ മാലിന്യനിർമാർജനം നടത്തിയിട്ടില്ല. ശേഖരിക്കുന്ന വസ്തുക്കൾ സംഭരിക്കുന്നതിനായി എം.സി.എഫ്. (MCF) സ്ഥാപിക്കാനും പഞ്ചായത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

ആരോഗ്യ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. പ്രാഥമിക ആരോഗ്യ കേന്ദ്രം മാറ്റി ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തിയെങ്കിലും അതിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ല. കൂടാതെ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പണികൾ പൂർത്തീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. 

ടൂറിസം മേഖലയിൽ, സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കണം എന്ന് പറഞ്ഞ വില്ലേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി പോയാലിമല ടൂറിസം പദ്ധതി നടപ്പിലാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഇടപെടൽ നടത്താൻ ഭരണസമിതി തയ്യാറായില്ല. യുവാക്കളുടെ ഏറ്റവും വലിയ ആവശ്യമായ പൊതു കളിസ്ഥലം എന്ന ആവശ്യവും അനിശ്ചിതത്വത്തിലാണ്.

ജലജീവൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലേക്കും കണക്ഷൻ കൊടുത്തു കഴിഞ്ഞിട്ടും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. തരിശു ഭൂമികൾ ഏറ്റെടുത്ത് കൃഷി ചെയ്യാനും കഴിഞ്ഞിട്ടില്ല.

2020-ൽ പഞ്ചായത്ത് ഭരണത്തിൽ വരുമ്പോൾ 420-ന് മുകളിലുണ്ടായിരുന്ന കുടുംബശ്രീ യൂനിറ്റുകൾ നിലവിൽ 360 ആയി കുറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചേറിലും ചെളിയിലും പണിയെടുക്കുമ്പോൾ ആവശ്യമായ ബൂട്ട്, കയ്യുറ, മെഡിസിൻ കിറ്റ് തുടങ്ങിയ സാധന സാധനങ്ങൾ പഞ്ചായത്ത് ഏറ്റെടുത്ത് ഇതുവരെയും നൽകിയിട്ടില്ല. മുളവൂർ പ്രദേശത്തുള്ള കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന മുളവൂർ തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഒന്നും പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയിട്ടില്ല. 

അംഗൻവാടികളെ സ്മാർട്ട് അംഗൻവാടി ആയി മാറ്റാനുള്ള തീരുമാനത്തിന് ഫണ്ട് അനുവദിച്ചിട്ടും യാതൊരു നടപടിയും നാളിതുവരെ പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. 

സമീപപ്രദേശത്തെ പഞ്ചായത്തുകൾ മാതൃകാപരമായ പ്രവർത്തനം മുന്നോട്ട് വെച്ചപ്പോൾ, ഇവിടെ  ഭരണസമിതി അലസതയാണ് കാണിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ, എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം അറിഞ്ഞുകൊണ്ട്, ഓരോ പദ്ധതിക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ട് സഹിതം ജനങ്ങളെ ബോധിപ്പിച്ചുകൊണ്ടുള്ള ഭരണമായിരിക്കും മുന്നോട്ട് വെക്കുകയെന്നും എൽ.ഡി.എഫ്. ഉറപ്പുനൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles