പാലക്കുഴ: അന്തരിച്ച സുഹൃത്തിന്റെ സ്മരണയിൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫി സൗജന്യമായി നൽകി പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികൾ. സഹപാഠിയായിരുന്ന മനു പ്രതീഷിന്റെ ഓർമയ്ക്കാണ് 1987 എസ്എസ്‌സി ബാച്ച് 52,000 രൂപ ചെലവിൽ കലോത്സവ വിജയികൾക്കുള്ള 625 ട്രോഫികൾ സ്പോൺസർ ചെയ്തത്.
പൂർവവിദ്യാർഥികളായ ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ്, സനീഷ് സെബാസ്റ്റ്യൻ, പി.വി. അനിൽകുമാർ, ഇ.കെ. അജിത് കുമാർ എന്നിവർ ചേർന്നു ട്രോഫികൾ കൈമാറി. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ, പിടിഎ പ്രസിഡന്റ് സുരേഷ് കണ്ണൻ എന്നിവർ ഏറ്റുവാങ്ങി. ഇന്നു മുതൽ 7 വരെയാണ് ഉപജില്ലാ കലോത്സവം. 40 സ്കൂളുകളിലെ 2,800 വിദ്യാർഥികൾ പങ്കെടുക്കും.

