മൂവാറ്റുപുഴ∙ നഗരത്തിലെ റോഡ് ടാർ ചെയ്തു യാത്ര സുഗമമായതിനു പിന്നാലെ പുതുതായി നിർമിച്ച മീഡിയനും റോഡ് സുരക്ഷാ വേലിയും അപകടങ്ങളിൽ തകർന്നു. എംസി റോഡിൽ അരമനപ്പടിയിലാണ് അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ടു റോഡരികിലെ കടകളുടെ ഷട്ടറുകളും സുരക്ഷാ വേലിയും തകർത്തത്.
അപകടം നടന്ന കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 100 മീറ്റർ മാറി ഉണ്ടായ മറ്റൊരപകടത്തിൽ റോഡിൽ ദിവസങ്ങൾക്കു മുൻപ് നിർമിച്ച മീഡിയനും തകർന്നു. മീഡിയൻ കഷണങ്ങളായി തകർന്നു കിടക്കുകയാണ്. നിർമാണം ഇനിയും പൂർത്തിയാകാനിരിക്കെ നഗര റോഡിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്ന സാഹചര്യമുണ്ട്.
മീഡിയന്റെയും സുരക്ഷാ വേലിയുടെ നിർമാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിലാണു അപകടങ്ങളിൽ ഇവ തകർന്നത്. ഇനി പഴയ പാലത്തിലെ അപ്രോച്ച് റോഡിലെ ടാറിങ് മാത്രമാണു പൂർത്തിയാകാനുള്ളത്. ഇതു പൂർത്തിയായ ശേഷം റോഡിൽ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വള്ളക്കാലി വളവിൽ അപകടം തുടർക്കഥ
മൂവാറ്റുപുഴ∙ എംസി റോഡിൽ വള്ളക്കാലി ജംക്‌ഷനിലെ വളവിൽ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഉണ്ടായിട്ടുള്ള കാലതാമസം അപകടങ്ങൾ സൃഷ്ടിക്കുന്നു. കോടതി വ്യവഹാരങ്ങൾ നീണ്ടു പോകുന്നതിനാൽ ഇവിടെ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതു റോഡിൽ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇവിടെ ഒരു ബൈക്ക് താഴേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു പരുക്കേറ്റിരുന്നു.
വ്യാപാര സ്ഥാപനത്തോടു ചേർന്നുള്ള ഭൂമി ഏറ്റെടുക്കുന്നതിലാണു കാലതാമസം ഉണ്ടായിരിക്കുന്നത്. വ്യാപാര സ്ഥാപനത്തിന്റെ ഉടമയുമായുള്ള പ്രശ്നം പരിഹരിക്കാൻ എൽഡിഎഫ് നേതാക്കളുൾപ്പെടെ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഭൂമി വിട്ടു നൽകാൻ വ്യാപാരി ഇതുവരെ തയാറായിട്ടില്ല.
ഇവിടെ ഭൂമി ഏറ്റെടുക്കാതെ റോഡ് നിർമാണം പൂർത്തിയാക്കിയാൽ തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുകയും യാത്രക്കാർ ജീവൻ നഷ്ടപ്പെടാൻ ഇടയാകുമെന്നും കൗൺസിലർ ജിനു ആന്റണി പറഞ്ഞു.തർക്കങ്ങൾ പരിഹരിച്ച് ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും ജിനു ആന്റണി പറഞ്ഞു.

